മൈന്‍ഡ് സ്നെയര്‍ പാഴ് – ഇടവേളക്കു ശേഷം മാര്‍ച്ച് 10, 2009
Posted by anoopadr in തറക്കഥ, വീഴ്ചപ്പാട്.3 comments
ഇടവേളക്കു മുന്‍പ് ഇവിടെ
സീന്‍ 17
വര്‍ക്കിച്ചായനും ലാലും കൂടി ധൃതിയില്‍ എങ്ങോട്ടോ പോകാനൊരുങ്ങുമ്പോഴാണു പയസ്സ് അങ്ങോട്ടു വന്നത്.
“വര്‍ക്കിച്ചായാ, വര്‍ക്കിച്ചായനിതെങ്ങോട്ടാ?”
“ഞാനേ നമ്മടെ സിസ്‌അഡ്മിന്‍സിനെ ഒന്നു കാണാന്‍ പോവ്വാ. അന്നു രാത്രി ആ സ്ക്രിപ്റ്റ് സംഭവത്തെ തുടര്‍ന്നു എന്റെ സിസ്റ്റത്തിനാകെ കുഴപ്പങ്ങളാ.. ലവരെ നേരിട്ടു കണ്ടു എല്ലാം അങ്ങു സെറ്റപ്പാക്കിയേക്കാം. നീയും കൂടെ വേണെ വന്നോ”
“പിന്നെന്താ.. ഞാനും വരുന്നു.”
അപ്പോഴാണു പയസ്സ് പുറകില്‍ നിന്നയാളെ കാണുന്നതു.
“അല്ല ഇതാര്.. നമ്മുടെ ടെക്കിലേ വിപിന്‍ ലാലല്ലിയോ?”
“ന്ഹെ? ” ലാലൊന്നു ഞെട്ടി.
“അല്ലല്ലോ.. ഇതു വെറും ലാലാണല്ലോ.. ഞാന്‍ പെട്ടെന്നങ്ങ്.. അല്ല ആരിതു.. കോറു ചക്കി അല്ലിയോ?”
ഇത്തവണ ലാലും വര്‍ക്കിച്ചായനും ഒരുമിച്ചാണു ഞെട്ടിയതു.
“ചക്കിയല്ല.. ഞാന്‍ വര്‍ക്കിയാ.. പയസ്സേ കറന്റടിച്ചു നിനക്കേതാണ്ടു കാര്യമായി പറ്റിയിട്ടുണ്ട്. എത്രേം പെട്ടെന്നു ഒരു മറുഷോക്ക് കിട്ടിയാ ചെലപ്പോ മാറിയേക്കും. ഞങ്ങളുക്കു പോയിട്ടു കുറച്ച് അത്യാവശ്യമുണ്ട്. വിട്ടേ വിട്ടേ..”
വട്ടായ പയസ്സിനെ അവിടെത്തന്നെ വിട്ടിട്ട് വര്‍ക്കിചായനും ലാലും സിസ്‌അഡ്മിനെ തിരക്കി പോയി.
–
പയസ്സ് വെറുതേ കാരംസ് ബോര്‍ഡും ചാരി കുറെ നേരം ഇരുന്നു. ഇടക്കു ഒരു വൈറ്റ് കോയിന്‍ എടുത്തു വെറുതേ പുറത്തേക്കു എറിഞ്ഞു. അജയന്‍ വരുന്നതു കണ്ട് പയസ്സ് അജയനെ പിടിച്ചു നിര്‍ത്തി.
“എടാ അജയാ.. എന്റെ മുഖത്തേക്കു ഒന്നു സൂക്ഷിച്ചു നോക്കിയേ..”
“എന്താ.. എന്തോ പറ്റി?”
“അല്ലാ.. എന്റെ പെരുമാറ്റത്തില്‍ എന്തേലും വ്യത്യാസം കാണുന്നുണ്ടോ എന്നു പറഞ്ഞേ”
“പഴേ പോലേ തന്നേ .. നല്ല വൃത്തികെടായിട്ടുണ്ടു. എന്താ കാര്യം? ഡാ എന്താ കാര്യമെന്നു?”
മറുപടി ഒന്നും പറയാതെ മിഴിച്ചിരിക്കുന്ന പയസ്സിനെ കണ്ടു എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ അജയന്‍ മെല്ലെ അവിടെ നിന്നു സ്കൂട്ടായി.
കട്ട്
സീന്‍ 18
അന്നു റ്റിന്റു ആകെ കലിപ്പിലായിരുന്നു. അപ്പോഴാണു ADR അങ്ങോട്ടു ചെന്നത്. ADR-നെ കണ്ട റ്റിന്റു കലിപ്പിച്ചു നോക്കി.
“ഞാന്‍ ഇവിടെ വന്നിട്ടു കുറേ നേരമായി.”
“മുന്‍പേ ഫുഡ്കോര്‍ട്ടില്‍ വെച്ചു കണ്ടിട്ടും റ്റിന്റു മൈന്‍ഡ് ചെയ്‌തില്ലല്ലോ..”
റ്റിന്റു ഇപ്പോഴും ഒന്നും മിണ്ടിയില്ല.
“ഇപ്പോ എന്തിനു വന്നൂന്നെങ്കിലും ചോദിച്ചൂടെ.”
“അറിയാം .. ചുമ്മാ ചൊറിയാന്‍ അല്ലാതെന്തിനാ.”
“ഹോ.. അപ്പൊ എല്ലാം അറിയാം അല്ലേ.. ശരി.. ഞാന്‍ റെഡി.ഇനി റ്റിന്റു കൂടി സമ്മതിച്ചാ മതി “
“അതിനല്ലേ എന്നേ ഇവിടിങ്ങനെ ഇരുത്തിയേക്കുന്നേ.. എല്ലാരും കൂടെ എന്റെമേലേക്കു കേറിക്കോ..” റ്റിന്റു ദേഷ്യപ്പെട്ടു പറഞ്ഞു
“സമ്മതിച്ചല്ലോ.. അതു മതി, അതു മാത്രം മതി.. തല്‍ക്കാലം തല്ലു കിട്ടുന്നതിനു മുന്‍പു ഞാന്‍ പോട്ടേ..“
റ്റിന്റുവിന്റെ മൂഡ് തീരെ ശരിയല്ലെന്നു മനസ്സിലായ ADR പതുക്കെ സ്റ്റാന്റ് വിട്ടു.
കട്ട്
സീന്‍ 19
സിസ്റ്റത്തിനു മുന്‍പില്‍ വെറുതേ വായിനോക്കിയിരിക്കുന്ന ADR-ന്റെ അടുത്തേക്കു ഷിഫ്റ്റ് കഴിഞ്ഞു പോകാനിറങ്ങിയ ആന്റോ ചെന്നു.
“ADR പോകുന്നില്ലേ?”
“ഞാന്‍ എപ്പോ പോകുന്നു, എപ്പോ വരുന്നു എന്നൊന്നും എന്നൊന്നും എനിക്കു പോലും പറയാന്‍ പറ്റുമെന്നു തോന്നുന്നില്ല. ആന്റോ പൊയ്ക്കൊ.. എനിക്കു കുറച്ചൂ കാര്യങ്ങള്‍ കൂടി നോക്കാനുണ്ട്. ഗുഡ്നൈറ്റ്.”
ആന്റോ പോയി അല്പം കഴിഞ്ഞതേ ഒള്ളു. ഒരനക്കം കേട്ടു ADR തിരിഞ്ഞു നോക്കി. ആരെയും കാണാനില്ല. പക്ഷേ സുമവല്ലിയുടെ സിസ്റ്റം ഇരിക്കുന്ന ഭാഗത്തുനിന്നു എന്തോ ശബ്ദം കേട്ടപോലെ.ധൈര്യം സംഭരിച്ച് ADR ആ സിസ്റ്റത്തിനടുത്തേക്കു ചെന്നു. ആരും സിസ്റ്റത്തിനടുത്തെങ്ങും ഇല്ല. ADR ചുമ്മാ ആ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ നോക്കി. Invalid Username/Password എന്ന മെസ്സേജ് കണ്ട ADR അമ്പരന്നു. അതിലേക്കുള്ള ലോഗിനുകളെല്ലാംആരോ disable ചെയ്‌തിരിക്കുന്നു!!
നിരാശനായി തിരികെ തന്റെ സിസ്റ്റത്തില്‍ വന്നിരുന്ന ADR ആ കാഴ്ച കണ്ടു തരിച്ചിരുന്നു. മെസ്സെഞ്ചറില്‍ ഓണ്‍ലൈന്‍ ലിസ്റ്റ്-ല്‍ അപ്രതീക്ഷിതമായി ആ ID കണ്ട ADR–നു തലകറങ്ങുന്ന പോലെ തോന്നി.
സുമവല്ലി !!
സുമവല്ലി online!!
എന്തു ചെയ്യണം എന്നറിയാതേ ഒരു നിമിഷം പകച്ചു നിന്ന ശേഷം രണ്ടും കല്പിച്ച് ADR സുമവല്ലിയുടെ IDയിലേക്കു ഒരു hai അടിച്ചു.
Sumavalli started typing..
സുമവല്ലി എന്തോ റിപ്ലൈ type ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ADR വിറയ്‌ക്കാന്‍ തുടങ്ങി. എന്തും സംഭവിച്ചേക്കാം..
പക്ഷേ റിപ്ലൈ പ്രതീക്ഷിച്ചിരുന്ന ADR-നെ നിരാശപ്പെടുത്തിക്കൊണ്ട് പെട്ടെന്നു സുമവല്ലി ഓഫ് ലൈനായി.
കട്ട്
സീന്‍ 20
ലോഗ് ഔട്ട് ചെയ്‌തു തിരിഞ്ഞു നോക്കിയ ADR ഞെട്ടി. ഇരുട്ടില്‍ ഒരു രൂപം തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു. ഒന്നു പേടിച്ചെങ്കിലും ഉടന്‍ തന്നെ ADR ധൈര്യം വീണ്ടെടുത്തു. ADR മുന്‍പോട്ടു നീങ്ങിയതും ആ രൂപം പെട്ടെന്നു പുറത്തേക്കു നടന്നു. പുറകില്‍ നിന്നു വിളിക്കുന്നതു കേള്‍ക്കാത്ത ഭാവത്തില്‍ പോകാന്‍ തുടങ്ങിയ അയാളുടെ പുറകെ പോയി ADR അയാളെ തടഞ്ഞു നിര്‍ത്തി.
നിധീഷ് ADR-നെ നോക്കി ഇളിച്ചു കാണിച്ചു.
“താനെന്താ ഈ നേരത്തിവിടെ. കുറേ മുന്‍പു ലോഗ് ഔട്ട് ചെയ്‌തു പോയതായിരുന്നല്ലോ.”
“ഞാന്‍ ചുമ്മാ.. എന്തെകിലും മറന്നോ എന്നു നോക്കാന്‍..”
“എന്തു മറക്കാന്‍..”
“എന്തെങ്കിലും മറന്നോ എന്നു വന്നു നോക്കിയാലല്ലാ അറിയൂ..”
“ങാഹാ.. എന്നിട്ടെന്തെങ്കിലും മറന്നോ..”
“മ്മ്ച്ഉം”
“എന്താ..??”
“ഒന്നും മറന്നില്ലെന്ന്..”
“ഓഹോ.. ഈ സമയത്തിവിടിങ്ങനെ കറങ്ങി നടക്കുന്നതത്ര ശരിയല്ലല്ലോ.. അതു പോട്ടേ..താനെന്താ ഞാന്‍ വിളിച്ചിട്ടു നിക്കാഞ്ഞേ..”
“എപ്പോ.. ??”
“ഇപ്പോ.. ഞാന്‍ പുറകീന്നു വിളിച്ചിട്ടു നിന്നില്ലല്ലോ..”
“അതു ഞാന്‍… പോകാന്‍ ധൃതിയുള്ള കൊണ്ട് കേട്ടില്ല..”
“ഓ.. എന്നിട്ടു പോകാത്തതെന്താ.. “
“പോവ്വാ..”
“എന്നാ പോകാല്ലോ…വാ.. ഞാനും വരാം..”
മനസ്സില്ലാ മനസ്സോടെ നിധീഷ് ADRനൊപ്പം പുറത്തേക്കിറങ്ങി
കട്ട്
സീന്‍ 21
പിറ്റേന്നു നാന്‍സി വരുമ്പൊ ADRസിസ്റ്റത്തിനു മുന്‍പില്‍ കൂനിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. പതിവില്ലാതേ നേരത്തേ എത്തിയ ADR-നെ കണ്ട് നാന്‍സി അത്ഭുതപ്പെട്ടു.
“ഇതെന്താ.. ഇന്നലെ ഇവിടെ ആണോ കിടന്നുറങ്ങിയെ..”
“അതല്ല.. ഇന്നലെ കുറേ പണി ബാക്കി ഉണ്ടായിരുന്നു. അതു ഇതു വരെ തീര്‍ന്നില്ല. നേരത്തേ വരാമെന്നു വെച്ചു.”
ഓര്‍ക്കുട്ട് ക്ലോസ് ചെയ്‌തിട്ട് ADR നാന്‍സിയുടെ നേരെ തിരിഞ്ഞു
“അല്ലാ.. നമ്മടെ ആ പഴയ സിസ്റ്റത്തില്‍ നൈറ്റ് ഷിഫ്റ്റില്‍ ആരേലും വന്നിരിക്കാറുണ്ടോ?”
“ആ സിസ്റ്റത്തിലോ.. അതിലാരും ലോഗിന്‍ ചെയ്യാറില്ലല്ലോ.. അതിപ്പോ ഓണ്‍ ആക്കാറുതന്നെയില്ല.”
“ഏയ്..ഇന്നലെ അത് ഓണ്‍ ആരുന്നല്ലോ. ഞാന്‍ ലോഗിന്‍ ചെയ്യാന്‍ നോക്കിയിട്ടു പക്ഷേ പറ്റിയില്ല. ലോഗിന്‍ എല്ലാം disabled ആണല്ലേ.?”
“പഴയ റ്റെസ്റ്റര്‍ സുമവല്ലിയുടെ സിസ്റ്റമാ അത്. അതിലാരും ഇപ്പോ വന്നിരിക്കാറില്ല. പക്ഷേ ലോഗിന്‍ ഒന്നും ബ്ലോക്ക് ചെയ്‌തിട്ടില്ലെന്നാ തോന്നുന്നേ..”
“ചിലപ്പോ എനിക്കു തോന്നിയതാരിക്കും.. എന്തായാലും നമ്മക്കൊന്നു പോയി നോക്കാം. വാ..”
അല്പം മടിച്ചിട്ടാണെങ്കിലും നാന്‍സി ADR-ന്റെ പുറകേ ചെന്നു.
“ഇത് ഇപ്പോഴും ഓണ്‍ ആക്കിയിട്ടിരിക്കുവാണല്ലോ.. “
നാന്‍സി അതില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചു.
“ദേ.. ഞാന്‍ ലോഗിന്‍ ആയല്ലോ.. ADR അല്ലേ പറഞ്ഞേ ലോഗിന്‍ disabled ആണെന്ന്..”
“അപ്പോ disabled അല്ലേ..അതു ശരി.. അപ്പോ ഇതാണ് വിവാദവിഷയമായ സുമവല്ലിയുടെ സിസ്റ്റം അല്ലേ.. കൊള്ളാം “
ADR മൗസെടുത്ത് കണ്ട ഫോള്‍ഡെറിലെല്ലാം ക്ലിക്കി. ചുമ്മാ ചില ഫയലുകള്‍ ഒക്കെ തുറന്നു നോക്കി. ഒരു image ഫയല്‍ തുറന്ന ADR ഒന്നു ഞെട്ടി..
” യ്യോ..”
“ഓ.. അതു ശരി.. ഇതാണല്ലേ പഴയ ടോബി അഡ്മിന്‍ .. കണ്ടാല്‍ തന്നെ അറിയാം ആളു പെശകാണെന്നു.” “അപ്പോ മറ്റേ പാര്‍ട്ടി എവിടെ? നമ്മടെ സുമവല്ലി?”
നാന്‍സി വേറൊരു image ഓപ്പണ്‍ ചെയ്തു..
“ഇതാണല്ലേ സുമവല്ലി. അപ്പോ എനിക്കു തെറ്റി. ഇതാണു ആ റ്റോബി അഡ്മിന്‍ പുറത്താക്കിയ റ്റെസ്റ്റര്‍ സുമവല്ലി എങ്കില്‍ അതിനു ഞാന്‍ അങ്ങേരെ കുറ്റം പറയില്ല.. മുഖം കണ്ടാലെ അറിയാം ആളു കലിപ്പാണെന്ന്”
“ADR-നു പണ്ട് സുമവല്ലി റ്റെസ്റ്റ് ചെയ്തിരുന്ന പ്രോഗ്രാമുകളൊക്കെ കാണണ്ടേ? ദാ നോക്കിയേ സുമവല്ലി എഴുതി ഇട്ടിരുന്ന testcases… ധേ റിഗ്രഷന്‍ റ്റെസ്റ്റിന്റെ.. സ്മോക്ക് റ്റെസ്റ്റിന്റെ..”
നാന്‍സി ആവേശത്തോടെ ഫയലുകള്‍ ഒക്കെ ഒരുമിച്ചു ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങി.
“ഈ സിസ്റ്റം ഭയങ്കര സ്ലോ ആണല്ലോ.. 1 GB മെമ്മറി ഉണ്ടെന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല.”
നാന്‍സി മെമ്മറി സ്റ്റാറ്റസ് എടുത്തു നോക്കി.
“യ്യോ.. ഇതില്‍ 512MBയേ കാണിക്കുന്നുള്ളല്ലേ.. ബാക്കി എവിടെ പോയി..”
“നല്ല പോലെ നോക്ക്.. അവിടെവിടേലും കാണും..”
“തമാശ കള ADR. സത്യമായിട്ടും ഇതിനു 1GB മെമ്മറി ഉണ്ടായിരുന്നതാ..”
“കളഞ്ഞിട്ടു വരുന്നുണ്ടോ നാന്‍സി.. ഒരു മെമ്മറി.. അതൊക്കെ ആരെലും ഊരി വേറെവിടേലും പിടിപ്പിച്ചിട്ടുണ്ടാകും. എനിക്കു വേറെ പണിയുണ്ട്.. വന്നേ..”
സംശയിച്ചു നില്‍ക്കുന്ന നാന്‍സിയെ അവിടെ നിര്‍ത്തിയിട്ട് ADR ഫുഡ് കോര്‍ട്ടിലേക്കു നടന്നു.
കട്ട്
സീന്‍ 22
ഫുഡ് കോര്‍ട്ടിലേക്കു പോകാനിറങ്ങിയ ADR കണ്ടത് തന്റെ സിസ്റ്റത്തിനടുത്ത് കുനിഞ്ഞു നില്‍ക്കുന്ന നിധീഷിനെയാണ്.
“ഡോ…”നിധീഷ് ഞെട്ടിത്തിരിഞ്ഞു നോക്കി
“എന്താ..?”
“എന്താ തന്റെ കയ്യില്‍??”
“ഇതു മെമ്മറി”
“ഇതെവിടുന്നു കിട്ടി ?”
“ഇവിടെ താഴെ കിടക്കുവാരുന്നു..”
“താഴെ കിടന്നു കിട്ടാനോ.. അതു ശരി അപ്പോ താണാനിവിടെയുള്ള സിസ്റ്റത്തില്‍ നിന്നൊക്കെ മെമ്മറി അടിച്ചു മാറ്റുന്നതല്ലേ..ഞാന്‍ ഇതു റിപ്പോര്‍ട്ട് ചെയ്യും. എന്നിട്ടതു വെച്ചു താനെന്തോ ചെയ്യാന്‍ പോകുന്നു?”
“ഇതൂടെ വെച്ചാല്‍ എന്റെ സിസ്റ്റത്തിന്റെ സ്പീഡ് കൂടുമോ എന്നൊന്നു നോക്കാമെന്നു വെച്ചു.”
“ഓഹോ.. അടിച്ചു മാറ്റിയ മെമ്മറി വെച്ചാണല്ലേ സ്പീഡ് കൂട്ടുന്നേ.. ഇങ്ങോട്ടു തന്നേ.. ഇതു എന്റെ സിസ്റ്റത്തില്‍ വെച്ചാലും സ്പീഡു കൂടുമോ എന്നു നോക്കാമല്ലോ.”
“അതു പിന്നെ.. “
“എന്താ..”
“ഇല്ല ഒന്നുമില്ല.”
മെമ്മറിയുമായി ADR സ്വന്തം സിസ്റ്റത്തിലേക്കു പോകുന്നതും നോക്കി എന്തു ചെയ്യണമെന്നറിയാതെ നിധീഷ് നിന്നു.
കട്ട്
സീന്‍ 23
കുറേ നേരം വെറുതേ ഇരുന്നു ADR മടുത്തപ്പോ മെല്ലെ ടിന്റുവിന്റെ അടുത്തേക്കു നടന്നു.
“എന്താ ADR?”
“ഏയ് ചുമ്മാ.. “
” ഇന്നും പണി ഒന്നുമില്ലാരിക്കും”
“അതല്ല.. ഒരു കാര്യം ചോദിക്കാനാരുന്നു”
“എന്താ?”
“അല്ലാ.. ഈ ടെസ്റ്റ് ചെയ്യുമ്പോഴും വേരിഫൈ ചെയ്യുമ്പോഴും പ്രോഗ്രാമില്‍ ബഗ്ഗില്ലെന്നു തോന്നിയാലും ഒന്നുകൂടി ടെസ്റ്റ് ചെയ്തു വേരിഫൈ ചെയ്യുന്നതു നല്ലതല്ലേ..”
“എന്തോന്നാ.. എന്തോന്നാ..”
“ങെസ്റ്റ് ഞെയ്യുമ്പഴും ങ്വേരിഫൈ ഞെയ്യുമ്പഴുംഫ്രോഗ്രാമില്‍ ബങ്ങില്ലെന്നു തോന്നിയാലും ഒന്നുകൂടി ങെസ്റ്റ് ഞെയ്‌തു ങ്വേരിഫൈ ചെയ്യുന്നതു നല്ലതല്ലേന്ന്…” ADR റ്റിന്റുവിനേ കൂടുതല്‍ കലിപ്പിക്കാന്‍ നോക്കി.
ദൂരെ നിന്നു സ്വപ്ന അങ്ങോട്ടു വരുന്നതു കണ്ട് ADR റ്റിന്റുവിന്റെ അടുത്തു നിന്നും മെല്ലെ സ്വന്തം സീറ്റിലേക്കു മടങ്ങി.
കട്ട്
സീന്‍ 24
കാരംസ് കോര്‍ട്ടില്‍ ഒറ്റക്കിരുന്നു കാരംസ് കളിക്കുക്കുകയായിരുന്നു നാന്‍സി.
“എന്താ നാന്‍സി.. ഇന്നു കൂടെ കളിക്കാന്‍ ആരുമില്ലേ..” നാന്‍സിക്കെതിരെയുള്ള കസേരയില്‍ ഇരുന്നു കൊണ്ട് ADR തിരക്കി.
“ഇന്നു ആരും കളിക്കാന്‍ വന്നില്ലന്നേ..”
“ഹ്മ്മ്.. വേറെ പല കളികളും നടത്താനുള്ളതു കൊണ്ടാകും”
“ADR എന്താ അങ്ങനെ പറഞ്ഞേ.. വേറെ എന്തോ ഉദ്ദേശിച്ചു പറഞ്ഞപോലെ?”
“നമ്മടെ മൈന്‍ഡ് സ്നെയറില്‍ പല കള്ളക്കളികളും നടക്കുന്നില്ലേ എന്ന് എനിക്കൊരു സംശയം”
“കള്ളക്കളിയോ.. എന്തു കള്ളക്കളി?”
“നാന്‍സി ഇതു കണ്ടോ.. “ ADR ഒരു പോക്കറ്റില്‍ നിന്ന് ഒരു RAMഎടുത്തു നാന്‍സിയെ കാണിച്ചു.
“ങേ.. ഇതു സുമവല്ലിയുടെ സിസ്റ്റത്തില്‍ ഇരുന്ന മെമ്മറി അല്ലേ.. ഇതെങ്ങനെ ADR-നു കിട്ടി?”
“എന്നു വെച്ചാല്‍ 512 MB ഉണ്ടെന്നു നാന്‍സി പറയുന്ന സുമവല്ലിയുടെ മെമ്മറി അല്ലേ.. എന്നാല്‍ നാന്‍സിക്കു തെറ്റി.. ഇതു ആ മെമ്മറി അല്ല. ഇതു വെറും 128 MBയേ ഒള്ളൂ,എന്നു വെച്ചാല്‍ സുമവല്ലിയുടെ ഒര്‍ജിനല്‍ 512 MB RAM ആരോ അടിച്ചു മാറ്റിയിരിക്കുന്നൂ എന്നര്‍ത്ഥം”
“അടിച്ചു മാറ്റാനോ ആരടിച്ചു മാറ്റാന്‍.. ഒന്നു പോ ADR.. ഇതു സുമവല്ലിയുടെ സിസ്റ്റത്തില്‍ ഇരുന്ന മെമ്മറി തന്നെയാ..”
“അല്ലെന്നു ഞാന്‍ പറഞ്ഞാലോ..”
“അതെ അതെ അതെ”
“അല്ലാ അല്ലാ അല്ലാ..”
“ഞാനും B.Techന്നും പറഞ്ഞു നാലു കൊല്ലം പഠിച്ചതാ ADR . ആ എന്നെയാണോ പറ്റിക്കാന്‍ നോക്കുന്നേ..”
“എന്നാല്‍ അതിനപ്പുറത്തു പോയി പഠിച്ചിട്ടുതന്നെയാ ഞാന്‍ പറയുന്നേ.. ഇതാ മെമ്മറി അല്ല.. നാന്‍സിക്ക് ഒരു ചുക്കും അറിയില്ല”.
“ആര്‍ക്കാ.. എനിക്കോ.. എനിക്കോ..എനിക്കോ..“ നാന്‍സി പെട്ടെന്നു ചൂടായി.
“നമ്മളു തമ്മില്‍ വെറുതേ തര്‍ക്കം വേണ്ടാ.. പോയി പണി നോക്ക്.. പോ..” ഒരു തര്‍ക്കത്തിനു താല്പര്യമില്ലാതെ ADR ഒഴിഞ്ഞുമാറി.
“എന്താ ADR പ്രശ്നം?” ബഹളം കേട്ട് ആന്റോ അങ്ങോട്ടെത്തി,
“ചുമ്മാ.. ഈ നാന്‍സി വെറുതേ തര്‍ക്കിക്കാന്‍ വരുവാന്നേ.. വല്ലതും അറിഞ്ഞിട്ടാണേ വേണ്ടുകില്ല..ഇതു ചുമ്മാ.”
“സാരമില്ല .. ക്ഷമിക്ക് ADR.. നമ്മടെ നാന്‍സിയല്ലേ..”
“കാര്യമൊക്കെ ശരിയാ.. പക്ഷേ ഇതല്പം കൂടിപ്പോയി..”
“പോട്ടെന്നേ..”
“ആ പോട്ട്… ആന്റോ പൊക്കൊ.. ഞാന്‍ പുറകേ വന്നേക്കാം”
കട്ട്
സീന്‍ 25
അന്നു രാത്രി. സമയം 12നോടു അടുക്കുന്നു. മൈന്‍ഡ് സ്നെയറില്‍ നിന്നു എല്ലാവരും പോയിക്കഴിഞ്ഞിട്ടും ADR മാത്രം പോകാതെ തന്റെ സിസ്റ്റത്തിനു മുന്‍പില്‍ തന്നെ ഇരുന്നു. കഴിഞ്ഞ ദിവസത്തേപ്പോലെ സുമവല്ലി ഓണ്‍ലൈന്‍ എത്താതിരിക്കില്ല എന്നു ADR കണക്കു കൂട്ടി. പ്രതീക്ഷ തെറ്റിയില്ല. 12 മണി കഴിഞ്ഞതും സുമവല്ലി ഓണ്‍ലൈന്‍!!
തന്റെ IDയില്‍ നിന്നു എന്തായാലും സുമവല്ലിയുമായി ചാറ്റ് ചെയ്യാന്‍ പറ്റില്ല എന്നു ADR-നു ഉറപ്പായിരുന്നു. അതു കൊണ്ടു തന്നെ പഴയ ടോബി അഡ്മിന്റെ ടോബി-ഇഡി-കൊള്ള് എന്ന IDയോടു സാമ്യമുള്ള ടോബി-ഇഡി-കൊള്ളും ( tobbydkollm) എന്നൊരു ഐഡി ഉണ്ടാക്കി മെസ്സഞ്ചറില്‍ ലോഗിന്‍ ചെയ്‌തു. അതിനു ശേഷം സുമവല്ലിയുടെ IDയിലേക്ക് ഒരു മെസ്സേജ് അയച്ചു.
നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. സുമവല്ലി റിപ്ലെ ചെയ്യാതിരുന്നാല്‍.. ഇന്നലത്തേ പോലെ ഒന്നും പറയാതെ ഓഫ് ലൈനായാല്‍..!! ഇതിനു പിന്നില്‍ ആരാണെന്നു കണ്ടു പിടിക്കാനുള്ള അവസാനത്തേ അവസരം ആകും നഷ്ടപ്പെടുക. ADR ടെന്‍ഷനോടെ ചിന്തിച്ചു.
പക്ഷേ പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അതു സംഭവിച്ചു. സുമവല്ലിയുടെ റിപ്ലൈ വന്നു.
സുമവല്ലി : പന്ന ഡാഷേ…ആരാടാ നീ?
ADR : ഞാന്‍ പഴയ ടോബി അഡ്മിന്‍. നീ ആര്?
സുമവല്ലി : ഞാന്‍ ആരാന്നോ.. എന്നെ തനിക്കു മനസ്സിലായില്ല അല്ലേടോ? മനസ്സിലാക്കി തരാമെടാ…$#$%@@!!!
ADR : നിനക്കെന്താ വേണ്ടേ? എന്തിനാ നീ ഇവിടെക്കിടന്നു കറങ്ങുന്നേ?
സുമവല്ലി : പന്ന $&@##%!!, നിനക്കറിയില്ല അല്ലേ..%@#! നിന്റെ പണി ഞാന്‍ കളയിക്കുമെടാ.. നിന്റെ സിസ്റ്റം ഞാന്‍ നശിപ്പിക്കും.. ഈ സുമവല്ലി ആരാന്നു നിനക്കറിയില്ല…
ADR : പിന്നേ… നീ ഞൊട്ടും.. നീ ഒരു പുല്ലും ചെയ്യൂല്ലാ..
സുമവല്ലി : കാണിച്ചു തരാമെടാ.. കൂടി പോയാ അടുത്ത റിലീസു വരേ നീയിവിടെ കാണു.. അതിനകം നിന്റെ പണി ഞാന്‍ തീര്‍ക്കും
ADR : ഓഹോ.. എന്നാ റിലീസു സമയത്തു വാ.. ഇപ്പൊ നീ പോ..
സുമവല്ലി : പോവ്വാടാ.. പക്ഷേ ഞാന്‍ തിരിച്ചു വരും.. പിന്നെ നിന്നേം കൊണ്ടേ പോകു.. ഇതു സത്യം പൃത്ഥ്വീരാജാണെ സത്യം.
അതും പറഞ്ഞ് സുമവല്ലി ഓഫ് ലൈന്‍ ആയി.
കട്ട്
സീന്‍ 26
ആന്റോ.. ആന്റോ..
വര്‍ക്കിച്ചായന്‍ അന്നു വന്നപ്പോ തന്നെ ആന്റോയെ വിളിച്ചു.
“ഇനി ഭയപ്പെടാന്‍ ഒന്നും ഇല്ല. നമ്മടെ സിസ്റ്റത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം സിസ് അഡ്മിന്‍സിനോട് പറഞ്ഞിട്ടുണ്ട്. അവരു എത്രയും പെട്ടെന്നു ശരിയാക്കിത്തരാം എന്നാണു പറഞ്ഞിരിക്കുന്നത്. പക്ഷേ അതിലൊരു പണികിട്ടി എന്നു പറഞ്ഞാ മതിയല്ലോ.സിസ്റ്റം ശരിയാക്കാന്‍ വൈശാഖന്‍ തന്നെ നേരിട്ടു വരാമെന്നാ പറഞ്ഞിരിക്കുന്നേ. അങ്ങേരു വന്നാ പിന്നെ പോകുന്ന വരെ മനുഷ്യനു സ്വൈര്യം തരില്ല. അഥവാ വല്ല സിസ്റ്റത്തിനും ഫോര്‍മാറ്റിങ്ങോ റീഇന്‍സ്റ്റലേഷനോ മറ്റോ വേണ്ടി വരികയാണെങ്കില്‍ അങ്ങേരു തന്നെ വന്നു ചെയ്‌തു തരുമത്രേ..” വര്‍ക്കിച്ചായന്‍ ഒന്നു നിര്‍ത്തി. “ങ്ങാ, പിന്നെ വേറെ ഒരു കാര്യം.
ഈയാഴ്ച തന്നെ പ്രോജെറ്റിന്റെ റിലീസ് ഉണ്ടാവുമെന്ന് ക്ലയന്റ് മെയില്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരം ഒക്കെ ഞാന്‍ റ്റീം മീറ്റിംഗില്‍ പറയാം. അതിനു പ്രശ്നം ഒന്നും ഇല്ലല്ലോ?“
“റിലീസു നടത്തുന്നതിനൊന്നും എനിക്കൊരു പ്രശ്നവുമില്ല. പക്ഷേ വര്‍ക്കിചായന്‍ റ്റിന്റുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുന്നതു ശരിയല്ല.”
“താനെന്തുവാടോ ഈ പറയുന്നേ.. റ്റിന്റു എന്തോ ചെയ്‌തെന്നാ.. ഇവിടെ പണിയൊന്നുമില്ലാതെ നടക്കുന്ന വേറെയും ഇഷ്ടം പോലെ പേരുണ്ടല്ലോ.. ങാ..ദോ ഒരുത്തന്‍.. “
ആരോടോ ചാറ്റ് ചെയ്‌തുകൊണ്ടിരുന്ന ADR-നെ ചൂണ്ടി വര്‍ക്കിച്ചായന്‍ പറഞ്ഞു.
“ഇവരെ ഒക്കെ നേരേ ആക്കിയിട്ടു മതി റ്റിന്റുവിന്റെ കാര്യം”
ആന്റോക്കു മറുപടി നല്‍കാന്‍ അവസരം കൊടുക്കാതെ വര്‍ക്കിച്ചായന്‍ തന്റെ സീറ്റിലേക്കു പോയി
കട്ട്
സീന്‍ 27
വര്‍ക്കിച്ചായന്‍ സീറ്റിലിരുന്നു അധിക സമയമായില്ല. ഒരു സിസ് അഡ്മിന്‍ ഓടിയെത്തി.
“വൈശാഖന്‍ പറഞ്ഞിട്ട് വരുവാ.. ഒരു ലിസ്റ്റ് തന്നു വിട്ടിട്ടുണ്ട്. ഇവിടുത്തേ സിസ്റ്റത്തിന്റെയൊക്കെ IPകളും അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റുകളുടെയും ലിസ്റ്റാ. വൈശാഖന്‍ നാളെ രാവിലത്തേ ഷിഫ്റ്റില്‍ എത്താമെന്നു പറഞ്ഞിട്ടുണ്ട്. “
“അത്.. പിന്നെ “ വര്‍ക്കിച്ചായന്‍ വിക്കി.
“എല്ലാം വൈശാഖന്‍ നേരിട്ടു വന്നു പറയാം എന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ഇവിടുത്തെ റ്റീം മെംബേര്‍സിന്റെ സിസ്റ്റം അക്‌സെസ്സ് ഒക്കെ ഒന്നു റീസെറ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ഏതേലും സിസ്റ്റത്തിനു വല്ല ഇഷ്യുവും ഉണ്ടെങ്കില്‍ അതൊന്നു പ്രത്യേകം നോട്ട് ചെയ്യാനും പറഞ്ഞിട്ടുണ്ട്. ഞാന്‍ പോണ്.”
“ഞാന്‍ ഇനി വല്ല ബഗും..”
“വേണ്ടാ.. ഇവിടുന്നാരും ഇനി ഈ കാര്യവും പറഞ്ഞ് സിസ് അഡ്മിന്‍സിനു ബഗ് ഇടെണ്ടാ എന്നു പറയാന്‍ പ്രത്യേകം പറയാന്‍ പറഞ്ഞിട്ടുണ്ട്. “
സിസ് അഡ്മിന്‍ പോയി. വര്‍ക്കിച്ചായന്‍ ആധിയോടെ തിരിഞ്ഞു റ്റീം മെംബേര്‍സിനെ നോക്കി.
“കേട്ടില്ലേ. റിലീസു കഴിയുന്ന വരെയെങ്കിലും എല്ലാരും സൂക്ഷിക്കണം”.
“സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞാ.. അതിപ്പോ…” ലാല്‍ പകുതിക്കു നിര്‍ത്തി റ്റിന്റുവിനെ അര്‍ത്ഥം വെച്ചൊന്നു നോക്കി.
“അക്‌സെസ്സ് ബ്ലോക്ക് ചെയ്യണം”. ADR എടുത്തടിച്ച പോലെ പറഞ്ഞു.
“ആര്‍ക്ക് എന്ത് അക്‌സെസ്സ് കൊടുക്കെണമെന്നും ബ്ലോക്ക് ചെയ്യണമെന്നുമൊക്കെ എനിക്കറിയാം.. താന്‍ പഠിപ്പിക്കാന്‍ വരെണ്ടാ”. വര്‍ക്കിച്ചായന്‍ ദേഷ്യപ്പെട്ടു.
ADR പിന്നെ ഒന്നും മിണ്ടിയില്ല.
കട്ട്
സീന്‍ 28
നിധീഷ് തന്റെ സിസ്റ്റത്തിന്റെ ഫയല്‍ പെര്‍മിഷനും അക്‌സ്സെസ് റൈറ്റ്സും ചെക്ക് ചെയ്യാന്‍ തുടങ്ങി.
“ഷെല്‍ സ്ക്രിപ്റ്റ്, പേള്‍ സ്ക്രിപ്റ്റ് അങ്ങനെ എല്ലാ സ്ക്രിപ്റ്റുകളും നന്നായി നോക്കണം. എവിടുന്നാ പണികിട്ടുന്നേ എന്നു പറയാന്‍ പറ്റില്ല”.
“ദേ നിധീഷേ ഒരു കുഞ്ഞു സ്ക്രിപ്റ്റ്. ഇതൂടെ നോക്കിക്കേ”.
“ഓ.. ഇതു ആന്റോ എഴുതിയതല്ലേ ..കാര്യമായി ഒന്നുമില്ല. അല്ലേ? ആന്റോ അതു റണ്‍ ചെയ്യുന്നുണ്ടല്ലോ?”
സ്ക്രിപ്റ്റ് നോക്കിയ ADR ഞെട്ടി. തിരിഞ്ഞു ആന്റോയെ നോക്കി ADR ഒന്നൂടെ ഞെട്ടി. ആന്റോ ആ സ്ക്രിപ്റ്റ് റണ്‍ ചെയ്യാന്‍ പോകുന്നു. ADR ചാടി ആന്റോയുടെ കീബോര്‍ഡ് തട്ടി മാറ്റി. കീബോര്‍ഡ് വീണ ശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി.
“എന്താ .. എന്താ ADR?”
ADR ആ ഫയല്‍ ഓപ്പണ്‍ ചെയ്‌ത് അതില്‍ എഴുതിയിട്ടേക്കുന്നത് ആന്റോയെ കാണിച്ചു. അതില്‍ നേരത്തേ ഇല്ലാതിരുന്ന കമാന്‍ഡ്സ് പുതിയതായി ആരോ എഡിറ്റ് ചെയ്തു കേറ്റിയിരിന്നു. അത് കണ്ട് എല്ലാവരും പകച്ച് നിന്നു. ഒരു നിമിഷം താമസിച്ചിരുന്നെങ്കില്‍..!!
ആരാണിതു ചെയ്‌തത് എന്നറിയാന്‍ ADR സിസ്റ്റം ലോഗ് എടുത്തു നോക്കി. ഒരു നിമിഷം ADR മിണ്ടാതെ നിന്നു.
“ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ അക്സ്സസ് ബ്ലോക്ക് ചെയ്യണമെന്ന്. റ്റിന്റുവിന്റെ അക്സെസ്സ് ബ്ലോക്ക് ചെയ്യണം.” ആരുടെയും മറുപടിക്കു കാത്തു നില്‍ക്കാതെ ADR റ്റിന്റുവിന്റെ സിസ്റ്റത്തില്‍ നിന്നും മറ്റു സിസ്റ്റത്തിലേക്കുള്ള എല്ല്ലാ അക്സെസ്സും ബ്ലോക്ക് ചെയ്‌തു.
എല്ലാവര്‍ക്കും അതൊരു ഷോക്കായി. താനല്ല അതു ചെയ്‌തത് എന്ന റ്റിന്റുവിന്റെ വാദത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഉണ്ടായില്ല. കരച്ചിലിന്റെ വക്കോളമെത്തിയ റ്റിന്റു ഷിഫ്റ്റില്‍ നിന്നും ഇറങ്ങിപ്പോയി.
കട്ട്
സീന്‍ 29
ADR മോണിറ്ററിലെ പൊടിയും തുടച്ചുകൊണ്ടിരിക്കുമ്പോഴാണു പുറകില്‍ നിന്നും പയസ്സ് ഞോണ്ടിയത്.
“എന്താ പയസേ?”
“അല്ലാ.. നമ്മുടെ അജയനും ലാലും ഒക്കെ പറയുന്നു എന്റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന്. ADR ഒന്നു നോക്കിയേ”
പയസ്സ് ADRനെ നോക്കി ചിരിച്ചു കൊണ്ടു അനങ്ങാതെ നിന്നു. ഷോക്കടിച്ചു പയസ്സിനു കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്നു ഒറ്റ നോട്ടത്തില്‍ തന്നെ ADR-നു മനസ്സിലായി.
“പയസേ.. എന്തോ കുഴപ്പമുണ്ടെന്നു തന്നെയാ എനിക്കും തോന്നുന്നെ. പയസൊരു കാര്യം ചെയ്. കുറച്ചു നാളത്തേക്കു സിസ്റ്റത്തിനടുത്തൊന്നും പോകെണ്ടാ. ഏതു സിസ്റ്റത്തില്‍ നിന്നു എപ്പോഴാ ഷോക്കടിക്കുന്നേ എന്നു പറയാന്‍ പറ്റില്ല. അല്ലേലെ ഈ സിസ്റ്റത്തില്‍ ഒക്കെ തൊട്ടാല്‍ തന്നെ അപകടമാ..”
“മ്മ്.. “ പയസ്സ് സീരിയസ്സായി തിരിച്ചു നടന്നു.
“ദേ .. സിസ്റ്റം..” ADR പുറകില്‍ നിന്നും വിളിച്ചു.
“എന്താ..“
“അല്ലാ.. വര്‍ക്കിച്ചായന്റെ സിസ്റ്റം. അതില്‍ തട്ടാതെ പോകാന്‍ പറഞ്ഞതാ..”
“ഓ.. “ പയസ്സ് ഇടത്തോട്ടു മാറി ..
“ദേ സിസ്റ്റം”. പയസ്സ് ഇത്തവണ വലത്തോട്ടു ചാടി.
പയസ്സ് സിസ്റ്റത്തില്‍ ഒന്നും തട്ടാതെ സൂക്ഷിച്ചു ഫുഡ്കോര്‍ട്ടിലേക്കു പോയി.
കട്ട്
സീന്‍ 30
“5-6 തവണ മാറ്റി വെച്ച റിലീസാണ്. ഉടനെ തന്നെ റിലീസ് നടത്തണമെന്നു ക്‍ലയെന്റ് പറഞ്ഞാ പിന്നെ മറുവാക്കില്ലാ. ആകെ ഇനി ഒന്നു രണ്ടു ദിവസം കൂടിയേ ഒള്ളു. എല്ലാരും കൂടി ഒന്നു സഹായിച്ചു ഇത്തവണ എങ്കിലും ഇതൊന്നു മര്യാദക്കു റിലീസ് ചെയ്യിക്കണം. “
റ്റീം മീറ്റിങ്ങില്‍ ഇത്രയും പറഞ്ഞിട്ട് വര്‍ക്കിച്ചായന്‍ എല്ലാവരെയുമായി ഒന്നു നോക്കി. തലകുലുക്കി വര്‍ക്കിച്ചായന്റെ ആഹ്വാനം സ്വീകരിച്ച ശേഷം എല്ലാവരും വീണ്ടും ഓര്‍ക്കുട്ടിലേക്കു മടങ്ങി.
കട്ട്
സീന്‍ 31
“ആന്റോ ഇന്നു റിലീസ് അല്ലേ..?”
“മ്മ്.. കുറച്ചു മിനുക്കു പണികൾ കൂടി ബാക്കി ഉണ്ട്. എല്ലാരും കൂടി കുത്തി ഇരിപ്പുണ്ട്. റിലീസ് ആയതു കൊണ്ട് റ്റിന്റുവും ഇന്ന് റ്റെസ്റ്റിങ്ങിൽ ഉണ്ട്. വർകിച്ചായൻ പറഞ്ഞിട്ടാ”
“അതെന്തു പണിയാ വർകിച്ചായൻ കാണിച്ചത്.”
“ഹ്മ്.. സാരമില്ലാ.. എങ്ങനെ വരുമെന്നു നോക്കാം..”
ADR തിരിഞ്ഞു നാന്‍സിയെ നോക്കി. നാന്‍സി തന്റെ പ്രൊജെക്റ്റിന്റെ അവസാനവട്ട ചെക്കിങ്ങില്‍ തന്നെ കോണ്‍സന്റ്ട്രേറ്റ് ചെയ്തിരിക്കുകയാണ്‍. നേരത്തെ കുറച്ചു തവണ റിലീസ് മാറ്റി വെക്കെണ്ടി വന്നിട്ടുള്ളതു കൊണ്ട് നല്ല ടെന്‍ഷനിലായിരുന്നു നാന്‍സി.
അല്പനേരം കഴിഞ്ഞു ഒന്നു കൂടി തിരിഞ്ഞു നാന്‍സിയെ നോക്കിയ ADR ഞെട്ടി. നാന്‍സി സീറ്റില്‍ ഉണ്ടായിരുന്നില്ല.
ചുറ്റും നോക്കിയ ADR കണ്ടത് അവിനാശിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന നാന്‍സിയെ ആണ്‍.
“ഇവന്‍ എന്റെ പ്രോജെക്‍റ്റില്‍ എറര്‍ ഉള്ള കോഡ് അപ്‌ലോഡ് ചെയ്തു.. ആപ്ലിക്കേഷനില്‍ ഇപ്പം എറര്‍ അടിക്കുന്നു. ഇന്നും റിലീസ് നടന്നില്ലെ കൊല്ലും ഞാൻ.”
നാന്‍സി അവിനാശിന്റെ കഴുത്തില്‍ കേറി പിടിച്ചുകൊണ്ടു പറഞ്ഞു.
ആന്റോയും ADR-ഉം ഓടിയെത്തി ഇരുവരെയും പിടിച്ചു മാറ്റി. ആന്റോ അവിനാശിനെ സംശയത്തോടെ നോക്കി.
“ഞാനല്ല. നാന്‍സി തന്നെയാ.. ഞാന്‍ ഒന്നും ചെയ്തില്ല”
“I know.. I know.. I am help.”
ADR അവിനാശിനെ ആശ്വസിപ്പിച്ചു.
ഒരു വിധത്തില്‍ നാന്‍സിയെ സീറ്റില്‍ കൊണ്ടിരുത്തിയിട്ട് ADR, ആന്റോയോടും അവിനാശിനോടും തന്റെ ഒപ്പം വരാന്‍ ആംഗ്യം കാട്ടി.
കട്ട്
സീന്‍ 32
“ആന്റോ.. ഞാൻ കരുതിയിരുന്നതിലും വളരെ മുൻപു തന്നെ വേദനിപ്പിക്കുന്ന കുറെ കാര്യങ്ങൾ നീയിപ്പോ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നീയതു കേൾക്കണം. ആൻസിയുടെ സിസ്റ്റം അടിച്ചു കളയാൻ ശ്രമിക്കുന്ന.. നിന്റെ കോഡിൽ ബഗ് ഇടാൻ ശ്രമിക്കുന്ന.. മൈൻഡ് സ്നെയറിലെ ആ റ്റെസ്റ്റർ നീ കരുതും പോലെ റ്റിന്റു അല്ല.. അത് നാൻസിയാണ്.
തുടരും
ആമയും മുയലും സെപ്റ്റംബര്‍ 9, 2009
Posted by anoopadr in തറക്കഥ.add a comment
ആമയും മുയലും പന്തയം വെച്ചു.
മുയല്‍ കിടന്നുറങ്ങി. ആമ മെല്ലെ ഇഴഞ്ഞു പന്തയത്തില്‍ വിജയിച്ചു.
ഇതു പഴയ കഥ. ദിസ് ഈസ് ദ ഓള്‍ഡ് സ്റ്റോറി. ആന്‍ഡ് ദിസ് സ്റ്റോറി ഹാസ് ഗോട്ട് എ ന്യൂ വേര്‍ഷന്‍ നൗ..
പുതിയ കഥയില്‍ ആമയും മുയലും ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഇവിടെയും അവര്‍ തമ്മില്‍ മല്‍സരമാണ്. ആരാണ് ഏറ്റവും നല്ല എമ്പ്ലോയി എന്ന കാര്യത്തില്‍.
മുയല്‍ ഇവിടെയും മുന്‍പിലാണ്.
മുയലിന്റെ ക്ലയന്റിനു മുയലിനെ പറ്റി നല്ലതു മാത്രമെ പറയാനൊള്ളു. ഒടുക്കത്തെ കസ്റ്റമര്‍ ഡിലൈറ്റ്.
മുയലില്ലാത്ത കമ്മറ്റിയില്ല. ഇവന്റ് കോര്‍ഡിനേഷന്‍ ഇല്ല. കോമ്പറ്റീഷന്‍ ഇല്ല.
ആമയും ശ്രമിക്കുന്നുണ്ടെങ്കിലും മുയലിന്റെ അടുത്തെങ്ങും എത്താന്‍ ആമക്കായിട്ടില്ല..
ഒടുക്കം പെര്‍ഫോമന്‍സ് ഇവാലുവേഷന്‍ വന്നു. അതിലും മുയലിനു ഒടുക്കത്തെ മാര്‍ക്ക്. ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സ്.
മുയലിനു നല്ല പ്രതീക്ഷ. വന്‍ ഹൈക്കും ഒരുപാടു ഇന്‍സെന്റീവുകളും മുയല്‍ സ്വപ്നം കണ്ടു.
അങ്ങനെ കാത്തു കാത്തിരുന്ന സാലറി ഹൈക്ക് വന്നു.
പക്ഷേ അക്കൗണ്ടില്‍ വീണ എമൗണ്ട് കണ്ടപ്പോള്‍ മുയലിന്റെ ചങ്കു തകര്‍ന്നു. ഹൈക്കും ഇന്‍സെന്റീവും ഇല്ല എന്നു മാത്രമല്ല ഉള്ള സാലറി തന്നെ കട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഇനി ഇപ്പോ നിങ്ങളു വിചാരിക്കുന്നുണ്ടാവും ആമയ്‌ക്കാണു ഹൈക്കും ഇന്‍സെന്റീവുമെല്ലാം കിട്ടിയതു എന്നു.
വെറുതേ.. ആമയ്‌ക്കും ഒരു കോപ്പും കിട്ടിയിട്ടില്ല…!!!
Moral :
കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
(അധികം പണിയെടുത്തിട്ടും വലിയ ഫലമൊന്നും കിട്ടാനില്ല.)